(കഥ)
ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ചൂടുള്ള മത്തിക്കറി ചോറുംപാത്രത്തിലേക്ക് ഇട്ടിട്ട് അമ്മ പറഞ്ഞു: ‘ഇനി അമ്പതു നാള്‍ ഇറച്ചിയും മീനും ഒന്നുമില്ല. നാളെ നോയമ്പ് തുടങ്ങും.’
അമ്മയുടെ പറച്ചില്‍ കേട്ടാല്‍ തോന്നും എന്നും ഇവിടെ ഇറച്ചിയും മീനും ആണെന്ന്‍! എനിക്ക്ചിരി വന്നു. എത്ര ദിവസം കൂടിയാണ് ഇന്നല്‍പം മീന്‍ വാങ്ങിയത്. അപ്പന്‍ കിടപ്പിലായതില്‍ പിന്നെ അമ്മയുടെ തൂപ്പുജോലിയില്‍ നിന്ന്‍ കിട്ടുന്ന വരുമാനം കൊണ്ടാണ് വീട്ടുചിലവുകള്‍ നടത്തുന്നത്. ബീകോംകാരന്‍ മകന് ബാങ്ക് ഓഫീസര്‍ ജോലി സ്വപ്നം കണ്ട അമ്മയ്ക്ക് അവനെ കൂലിവേലയ്ക്ക് വിടാന്‍ എന്തുകൊണ്ടോ തോന്നുന്നില്ല.
അമ്പതു നോയമ്പ് അമ്മയുടെ ജീവിതഭാരം വളരെ ലഘൂകരിക്കും. ഇനി എന്നും രാവിലെയും വൈകിട്ടും കഞ്ഞിയും മുളക് പൊട്ടിച്ചതും തന്നെ. വല്ലപ്പോഴും ഉണ്ടാക്കുന്ന പയറുകറി ഉണ്ടെങ്കില്‍ കുശാല്‍. രാവിലെ വികാരിയച്ചന്‍ നടത്തിയ ഘോര പ്രസംഗം ഞാന്‍ ഓര്‍ത്തു. ‘കടുത്ത ആത്മനിയന്ത്രണം കൊണ്ട് തീര്‍ച്ചയായും ഈ അമ്പതുനോമ്പുകാലം നിങ്ങള്‍ക്ക് മാംസവര്‍ജനദിവസങ്ങള്‍ ആക്കി മാറ്റാന്‍ കഴിയും’. എന്നും നോയമ്പ് നോക്കുന്ന നമ്മുക്കെന്ത് ആത്മനിയന്ത്രണം?
വിചാരിച്ചതുപോലെതന്നെ അമ്മയുടെ നോമ്പുകാല പദ്ധതികള്‍ നന്നായി പോയി. എപ്പോഴുമുള്ള ഉപവാസങ്ങള്‍ക്കൊരു ആദ്ധ്യാത്മിക പരിവേഷം വന്നു. ഞാനോ അനിയത്തിമാരോ ഒട്ടും പിറുപിറുത്തില്ല. അതുകൊണ്ടാവണം ആഴ്ചയിലെ മുഴുവന്‍നീള ഉപവാസദിനങ്ങളുടെ എണ്ണം അമ്മ ഏകപക്ഷീയമായി കൂട്ടിയത്. എല്ലാവരും നോമ്പ് വീടലിനായി കാത്തിരുന്നപ്പോഴാണ് ചേച്ചിയുടെ പ്രാരാബ്ദ വരവ്. അളിയന്‍ കുടിച്ചു ലക്കുകെട്ട് ബൈക്ക് ഓടിച്ച് എവിടെയോ മറിഞ്ഞു കാലൊടിഞ്ഞത്രേ!
Read More..
Read More..
ഈസ്റ്റര്‍ ഘോഷിക്കാന്‍ വെച്ച പണം അമ്മയെടുത്ത് ചേച്ചിക്ക് നല്‍കുമ്പോള്‍ ഞങ്ങളോ അച്ഛനോ ഒന്നും മിണ്ടിയില്ല. ഒരു പ്രശ്നം വന്നാല്‍ ഞങ്ങളല്ലാതെ ആരാണ് ചേച്ചിക്കുള്ളത്. അതുതന്നെയുമല്ല പോക്കിരിയാണ് എന്നറിഞ്ഞിട്ടും സേവ്യര്‍ ചേട്ടനെ കൊണ്ട് നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചതാണ്. ‘അവന്‍ നന്നായിക്കോളും’. എല്ലാവരും പറഞ്ഞു. ചേച്ചിയുടെ സമ്മതം ആര്‍ക്കു വേണം?
എനിക്ക് വിഷമം ഉണ്ടാകും എന്നു കരുതിയാവണം അമ്മ എനിക്ക് ആരും കാണാതെ നൂറു രൂപ തന്നത്. എന്നിട്ടു പറഞ്ഞു: ‘ഞായറാഴ്ച നീ പോയി നിനക്കിഷ്ടമുള്ള ഭക്ഷണം ഹോട്ടലില്‍ പോയി കഴിച്ചോ. ഇത്തവണ നീ പറഞ്ഞപോലെ ബിരിയാണി ഒന്നും ഉണ്ടാക്കാന്‍ നമ്മുക്ക് പൈസയില്ല.’
വേണ്ടെന്നു പറഞ്ഞിട്ടും അമ്മ നിര്‍ബന്ധപൂര്‍വം എന്‍റെ കൈയ്യില്‍ പണം ഏല്പിച്ചു. എന്നിട്ട് പറഞ്ഞു, ‘ബാക്കിയുണ്ടെങ്കില്‍ നീ നിന്‍റെ അനിയത്തിമാര്‍ക്ക് ഐസ് ക്രീം വാങ്ങികൊണ്ടു കൊടുക്ക്’.
ഈസ്റ്റര്‍ ആകാന്‍ ഇനി രണ്ടു നാള്‍ കുടി. ഇന്ന് ദു:ഖ വെള്ളിയാഴ്ച. രാവിലെ മുതല്‍ തുടങ്ങിയ ചടങ്ങുകളാണ് പള്ളിയില്‍. ഒരിക്കലും പള്ളിയില്‍ പോകാത്തവരും ദുഃഖവെള്ളിയാഴ്ച തീര്‍ച്ചയായും പള്ളിയില്‍ വരുമെന്ന്‍അമ്മ പറയാറുണ്ട്. പള്ളിയില്‍ തിങ്ങി നിറഞ്ഞ് ജനം. പുറത്ത് അതിലധികം പേര്‍ കസേരയിലും തിണ്ണയിലും മരച്ചുവട്ടിലും ആകാശത്തേക്ക് നോക്കി ധ്യാനിക്കുന്നു. മണിക്കുറുകള്‍ നീണ്ട ചടങ്ങുകള്‍. ജനം പരാതി പറയാതെ ഇരിക്കാനായി എല്ലാവര്‍ക്കും ഉച്ചക്കഞ്ഞി ക്രമീകരിച്ചിട്ടുണ്ട്.
കഞ്ഞി വിളമ്പാന്‍ ആരംഭിച്ചതോടെ ജനങ്ങള്‍ അങ്ങോട്ട് പായാന്‍ തുടങ്ങി. ഇത്തിരി കഞ്ഞിക്കും പയറിനും വേണ്ടിയുള്ള ഇടി ഒന്ന് കാണേണ്ടതുതന്നെ! എല്ലാവരും കഞ്ഞി ആസ്വദിക്കുമ്പോള്‍ ഞാന്‍ അകലെ മാറി നിന്ന് ബഹളം ആസ്വദിച്ചു. എന്താ ഇതിത്ര രുചിയുള്ളതാണോ? വര്‍ഷം മുഴുവന്‍ കഞ്ഞി കുടിക്കുന്ന എനിക്ക് ആളുകളുടെ ആക്രാന്തം അത്ഭുതമുളവാക്കി. രാവിലെ മുതല്‍ ഒന്നും കഴിക്കാഞ്ഞിട്ടും എനിക്കൊട്ടും വിശപ്പ് തോന്നിയില്ല. എനിക്കിത് പതിവാണല്ലോ! എന്‍റെ കൂടെ പഠിച്ച ലോറന്‍സും അവിടെ കഞ്ഞിക്കായി ഇടിക്കുന്നത് കണ്ടപ്പോള്‍ കൌതുകം തോന്നി. വീട്ടിലെ പുരയിടം കടം കേറി വില്‍ക്കുന്നതു വരെ ഞങ്ങള്‍ക്ക് തേങ്ങയിട്ടു തന്നത് അവന്‍റെ അച്ഛന്‍ അന്ത്രയോസ് ചേട്ടനാണ്. അവനിപ്പോള്‍ താലൂക്ക് ഓഫീസില്‍ ജോലി ചെയ്യുന്നു. എനിക്കില്ലാത്ത പല പരിഗണനകളും അവനുണ്ടല്ലോ! അവന്‍ അകലെ നിന്നെന്നെ കൈ വീശി. അവനിപ്പോള്‍ നല്ല സുമുഖനായിരിക്കുന്നു. പാന്‍റ്സും ഷര്‍ട്ടും ഇന്‍സര്‍ട്ട് ചെയ്തപ്പോള്‍ അവനെ കാണാന്‍ എന്തു ഭംഗി.
മൈതാനത്തിലെ കഞ്ഞികുടി കഴിഞ്ഞ് എല്ലാവരും പള്ളിയിലേക്ക് തിരിച്ചു. അവിടെ കുരിശുരൂപചുംബനത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു. അബ്കാരി ദേവസ്യാച്ചന്‍ പുതുതായി സംഭാവന ചെയ്ത മനോഹരമായ കര്‍ത്താവിന്‍റെ കുരിശുരൂപം അച്ചനും കമ്മിറ്റി അംഗങ്ങളും കുടി എടുത്ത് ദേവാലയത്തിന്‍റെ മുന്‍ഭാഗത്ത് വെച്ചു. തല ഉയര്‍ത്തി ചുറ്റും ഒന്നും പരതിയ അച്ചന്‍ ദേഷ്യത്തോടെ എന്തോ സ്വകാര്യം കപ്യാരോട് പറഞ്ഞു. മൂത്ത കപ്യാര്‍ ഓടി കൊച്ചു കപ്യാരോട് ചെവിയില്‍ എന്തോ പറഞ്ഞു. നൊടിയിടയില്‍ കൊച്ചു കപ്യാര്‍ മദ്ബഹക്ക് പുറകിലേക്കോടി. അതേ വേഗത്തില്‍ രണ്ടു വലിയ ബക്കറ്റുമായി കുരിശുരൂപത്തിന്‍റെ അടുത്തേക്ക് തിരിച്ചെത്തി. വിശ്വാസികള്‍ രൂപം ചുംബിക്കാന്‍ എത്തുന്നതിനുമുമ്പേ രൂപത്തിന്‍റെ രണ്ടു വശത്തും ബക്കറ്റുകള്‍ വെക്കാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യത്തില്‍ കപ്യാര്‍ അച്ചനെ നോക്കി. രണ്ടു കള്ളന്മാര്‍ക്ക് പകരം ഇപ്പോള്‍ രണ്ടു ബക്കറ്റുകള്‍! കള്ള നാണയങ്ങളും നല്ല നാണയങ്ങളും ശേഖരിക്കാന്‍! ഒരിക്കല്‍ ഒരുവന്‍ ചുംബിച്ചു രക്തപറമ്പിനു വില കൊടുത്തു. ഇതാ ഒരു ജനസമൂഹം രക്ഷകന് നന്ദിയുടെ സ്നേഹചുംബനങ്ങള്‍ അര്‍പ്പിക്കാന്‍ ഓടിയണഞ്ഞിരിക്കുന്നു.
Photo: witnesstohope.org
വിശ്വാസികള്‍ അത്മാര്‍ത്ഥത ഉള്ളവരായിരുന്നു. കഞ്ഞി കുടിക്കാന്‍ കാണിച്ച അതേ ഉത്സാഹം അല്പം പോലും കുറയാതെ കുരിശുരൂപം മുത്താനും അവര്‍ കാണിച്ചു. എത്രയും പെട്ടെന്ന് രൂപത്തിന്‍റെ അടുത്തെത്താനും മുത്താനും അവര്‍ പരസ്പരം ഇടിച്ചു. വോളന്‍ടീയര്‍മാരായ പുരുഷകേസരികള്‍ സജീവമായി രംഗത്തുണ്ട്. ഇടി കൂടുതല്‍ സ്ത്രീകളുടെ ഇടയിലായതിനാലാകണം അവരെ നിയന്ത്രിക്കാന്‍ അവര്‍ വേണ്ടത്ര ആവേശം കാണിച്ചു.
വിശ്വാസികള്‍ ഓരോരുത്തരായി വളരെ ഭക്തിയോടെ ചുംബിക്കുന്നത് കണ്ട് മണിക്കൂറുകളോളം കുരിശുരൂപത്തിനു സമീപേ അച്ചന്‍ പ്രാര്‍ത്ഥനാനിരതനായി നിന്നു. മിക്കവാറും എല്ലാ ഇടവക വിശ്വാസികളെയും അച്ചന് നേരിട്ടറിയാം. വിശ്വാസികള്‍ ഓരോരുത്തരായി നേര്‍ച്ചയുമിട്ട് പുറത്തേക്കു പോകുന്നു. എന്‍റെ ഊഴമടുക്കാറായി. എനിക്ക് നെഞ്ചിടിപ്പ് തുടങ്ങി. ഞാന്‍ എന്‍റെ പോക്കറ്റില്‍ തടവി. അമ്മ ഈസ്റ്റര്‍ ദിനത്തില്‍ എനിക്ക് ഹോട്ടലില്‍ നിന്നു കഴിക്കാനായി തന്ന നൂറ് രൂപയല്ലാതെ ഒന്നും എന്‍റെ കൈയ്യിലില്ല. അച്ചന്‍റെ മുഖം കണ്ടതോടെ എന്‍റെ നെഞ്ചിടിപ്പു കൂടി. അച്ചനെന്നെ നന്നായിട്ടറിയാം. കഴിഞ്ഞ തവണ വാര്‍ഡിലെ ഭവനങ്ങള്‍ വെഞ്ചരിച്ചപ്പോള്‍ ഞാനാണ് വഴി കാണിച്ചു കൂടെ പോയത്. അച്ചനെന്തിനാണ് അവിടെത്തന്നെ നില്‍ക്കുന്നത്?
അനിയത്തിയുമായി വഴക്കിട്ടൊരുദിവസം അവള്‍ക്കൊരു അടി കൊടുത്തിട്ട് കുമ്പസാരിക്കാതെ കുര്‍ബാന സ്വീകരിക്കാന്‍ ലൈനില്‍ നിന്നപ്പോള്‍ അവള്‍ രൂക്ഷമായി നോക്കിയതുപോലെ അച്ചന്‍ തടിച്ച കണ്ണടയില്‍ കൂടി എന്നെ തന്നെ നോക്കുന്നതുപോലെ എനിക്ക് തോന്നി. എന്‍റെ കൈ പോക്കറ്റിനു പുറത്തുകൂടി രൂപയെ അമര്‍ത്തി പിടിച്ചു. എന്‍റെ മനസ് ഹോട്ടല്‍ ആസാദിലെ മട്ടണ്‍ ബിരിയാണിയിലും സാലഡിലും! ഈശോ പക്ഷേ ശാന്തമായി ഉറങ്ങുകയാണ്. ഞാന്‍ ധൈര്യം സംഭരിച്ചു ഈശോയുടെ രൂപത്തിന്‍റെ കാലില്‍ നല്ലയൊരു ചുംബനം കൊടുത്തുകൊണ്ട് അപേക്ഷിച്ചു. ഞാന്‍ നേര്‍ച്ച ഇടാതിരിക്കുന്നത് അച്ചന്‍ കാണല്ലേ!
തല കുനിച്ചുതന്നെ ഞാന്‍ നടന്നു നീങ്ങാന്‍ തുടങ്ങി. പക്ഷേ തികച്ചും ആകസ്മികമായി കണ്ണ് അച്ചന്‍റെ മുഖത്തേക്ക് ഒരു നിമിഷം പോയി. അച്ചന്‍ എന്നെ നോക്കി ചെറുതായി ചിരിച്ചു. എന്‍റെ ദൈവമേ! ഞാന്‍ മനസ്സില്‍ നിലവിളിച്ചു പോയി. ഒരിക്കലും എന്നെ നോക്കി ചിരിക്കാത്ത അച്ചന്‍ ഇതാ വേലയും കൂലിയും ആരോഗ്യവും സൗന്ദര്യവും അഭിമാനവും ഇല്ലാത്ത എന്നെ നോക്കി മന്ദഹസിക്കുന്നു. ഈശോയെ, നീ എനിക്കായ് പറുദീസ ഒരുക്കുകയാണോ? എല്ലാ പീഡാനുഭവങ്ങളില്‍നിന്നും എന്നെ ഉയര്‍ത്തുകയാണോ? എന്‍റെ കൈകള്‍ ഞാനറിയാതെ പോക്കറ്റിലേക്കു പോയി. നൊടിയിടയില്‍ നൂറു രൂപാ എടുത്തു ഞാന്‍ നിറഞ്ഞു തുളുമ്പാറായ ബക്കറ്റിലേക്ക് ഇട്ടു. അതിനു ശേഷം തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞാന്‍ പുറത്തേക്കുള്ള വാതിലിലേക്ക് പോയി.
പള്ളിയുടെ വാതില്‍ക്കല്‍ കയ്പ് നീരുമായി ലോറന്‍സ് നിന്നിരുന്നു. അവന്‍ പറഞ്ഞു: ‘നീ എന്‍റെ ക്ലാസ്സ്‌മേറ്റല്ലെ! അതുകൊണ്ട് ഞാന്‍ കുറച്ചു കയ്പ് നീര്‍ മാത്രമേ നിനക്ക് തരുന്നുള്ളൂ’. ഏതാനും തുള്ളികള്‍ മാത്രം ഒഴിച്ച് അവനെന്നെ നോക്കി ചിരിച്ചു. അതു കുടിച്ചു ഞാന്‍ പുറത്തേക്കു നടന്നു. വിശപ്പടക്കാനുള്ളത്ര കയ്പ് നീരിനായി വീണ്ടും ലൈനില്‍ നില്ക്കാന്‍ എന്‍റെ മനസും ശരീരവും വെമ്പി! പെട്ടെന്ന് അന്തരീക്ഷത്തിലൊരു അന്ധകാരം. എല്ലാ ദുഖവെള്ളിയിലെയും പോലെ കനത്ത മഴയ്ക്കുള്ള ആരംഭം. ഞാന്‍ വീട്ടിലേക്കോടി. അമ്മയുടെ ചൂടുകഞ്ഞി കുടിക്കാന്‍. അവിടെ ആരും അതിനായി മത്സരിക്കില്ലല്ലോ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ